Sunday, February 6, 2011

വർഗീയതയും, ഓറഞ്ചു തൊപ്പിയും പിന്നെ ഞാനും

കാലവും സമയവുമൊന്നും പ്രസക്തമല്ലാത്ത ഒരു വിഷയമാണിത്. ഉത്തര
കേരളത്തെ സംബന്ധിച്ചെടുത്തോളം , പ്രത്യേകിച്ച് കാസർഗോഡിനെ സംബന്ധിച്ചു എന്നും സംഭവിക്കാവുന്നത്. പുകയുന്ന അഗ്നി പർവതം പോലെ !


ഒരു വെള്ളിയാഴ്ച ദിനം. ജുമുഅ നമസ്കാരത്തിനായി കണ്ണാടി പള്ളിയിലേക്കു പുറപ്പെട്ടു. കടകൾ അടഞ്ഞു കിടക്കുന്നു. ഹർത്താലായിരിക്കാം. സംഗതി വർഗീയമാവാൻ തന്നെ സാധ്യത. ട്രാഫിക് ഐലന്റിനു സമീപം പോലീസ്. പള്ളിക്കു മുമ്പിൽ ചെറിയ ആൾകൂട്ടം. ആരോ വായിക്കുന്ന ‘കാരവൽ’ പത്രത്തിലേക്കു എത്തി നോക്കി. ഏതോ സാമൂഹ്യ വിരുദ്ദർ അമ്പല മതിലിനു പച്ച ചായം തേച്ചിരിക്കുന്നു. ‘ഓറന്നെ തേച് ഓറന്നെ ഗുലുമാലാക്കുന്നു’, നേരത്തെ കേട്ട അശരീരിയുടെ കാര്യം പിടികിട്ടി. ലക്ഷങ്ങൾ വില വച്ചു വർഗീയ കലാപങ്ങൾ നടത്തി കൊടുക്കുന്ന ഭീകരർ നിലവിലുള്ളപ്പോൾ ഈ അശരീരിക്കു സാംഗത്യമുണ്ടെങ്കിലും സ്വയം വിമർശനാത്മകമായി ഏതൊരു സമുദായവും പരിശോധന നടത്തേണ്ടുന്ന അസുരകാലമാണല്ലോ ഇത്. രണ്ടു മൂന്നു കാവി വരകൾ പള്ളി മതിലിനും തേച്ചു പച്ച ചായത്താൽ മുറിവേറ്റ ഹൈന്ദവ സഹോദരന്മാർക് ആശ്വാസം നല്കാനാണു എനിക്കു ആദ്യം തോന്നിയത്. മുട്ടനാടുകൾ കൂട്ടിയിടിച്ചു ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായകൾകു അവസരം കൊടുക്കാതിരിക്കാൻ ഇത്തരം സൌഹാർദ ശ്രമങ്ങളൊക്കെ നടത്തിയാലും ഇസ്ലാം തകർന്നു പോവില്ല എന്ന വിശ്വാസക്കാരനാണു ഞാൻ. വിട്ടുവീഴ്ച കൊണ്ടു ഒരു സമുദായത്തിന്റെ അന്തസ്സ് അല്ലാഹു ഉയർതുകയേ ഉള്ളു എന്നതു ഞാൻ പഠിച്ച ഇസ്ലാമിക പാഠം. പക്ഷെ എന്റെ തോന്നൽ അപ്രായോഗികം എന്നു ഞാൻ തന്നെ തിരുത്തി(?) പള്ളിയിലെത്തി പ്രാരംഭ പ്രാർഥന നിർവഹിച്ചു. ഇത്തിരി വൈകി എത്തിയ ചെറിയ മകൻ പ്രാർഥിചു തീരാൻ കാത്തിരിക്കുമ്പൊൾ പുറത്തു നിന്നും ആരവം. പ്രതിഷേധ ജാഥയാവാം. പുറതു പൊലീസുണ്ടല്ലൊ എന്നാശ്വസിച്ചു.

‘നോക്ക് , ആ ഓറഞ്ചു തൊപ്പിക്കാരൻ , വേണ്ട, ചെയ്യല്ലേ ’

എന്നൊരാൾ വിളിചു പറയുന്നത് കേട്ടു ഞാനും ഒന്നാം നിലയിൽ നിന്നും എത്തി നോക്കി. പുറത്തു ചെറിയ ബഹളം. പ്രകോപന ശ്രമങ്ങൾ തന്നെ.എത്തി നോക്കുന്നവരുടെ മുഖത്തെ പൈശാചിക ഭാവം ഭീതിയുണർത്തി. ഗേറ്റിനു പുറത്തെ പ്രതിഷേധക്കാരെ നോക്കി പള്ളി കോംബൌണ്ടിനുള്ളിൽ നില്കുന്ന ചെറിയ ആൾകൂട്ടത്തിലെ ഓറഞ്ചു തൊപ്പി വച്ച ഒരു ചെറുപ്പക്കാരന്റെ പിറകിൽ വച്ച കൈക്കുള്ളിൽ ഒരു കല്ല് !. ‘ചെയ്യരുത് ചെയ്യരുത് എന്ന വിലാപ സ്വരം ആവർത്തിച്ചു പള്ളിക്കുള്ളിൽ നിന്നു ഉയരുന്നതിനിടയിൽ തന്നെ അവനത് അകാശത്തേക്കെറിഞ്ഞു. ലക്ഷ്യ ബോധമില്ലാത്തവന്റെ ആ ലക്ഷ്യം തെറ്റിയ ആ ഒരു ഏറു മതിയായിരുന്നു പുറത്തുള്ളവരിലെ അവേശക്കാരുടെ രക്തം തിളപ്പിക്കാൻ. ഒന്നു രണ്ടു കല്ലുകൾ പള്ളിയുടെ ചില്ലുകൾകു കൊള്ളുന്ന ശബ്ദം. റോഡിലെ ബഹളത്തിൽ നിന്നും രക്ഷപ്പെടാൻ രണ്ടു ഹൈന്ദവ സഹോദരിമാർ പള്ളി വരാന്തക്കു സമീപം ഭയ ചകിതരായി കയറി നിന്നു. ഗ്യാലറിയിൽ നിന്നെന്നോണം പള്ളിയുടെ ഒന്നാം നിലയിൽ നിന്നും എല്ലാം വ്യക്തമായി കാണാം. ഒരു പ്രകടനക്കാരൻ ഗേറ്റിനു മുന്നിലെത്തി കല്ല് വീശിയെറിഞ്ഞു. പള്ളിക്കു മുൻപിൽ നിർത്തിയിട്ട കാറിനാണതു കൊണ്ടത്. ഓരാൾ കൂടി ഗേറ്റിലെത്തി. അയാളുടെ മതത്തിന്റെ അഭിമാനം ഉയർത്തേണ്ട കല്ലുമായി. എന്തൊരു ക്രൌര്യമാണാ മുഖത്ത്. ഊക്കോടെ വന്ന ആ കല്ല് പതിച്ചത് അശരണയായി നിന്ന ആ സഹോദരിയുടെ തലയ്ക്കു തന്നെ. പള്ളിക്കു നേരെ വന്ന കല്ല് അവർ ഏറ്റുവാങ്ങുക അയിരുന്നോ ആവൊ? ചോരപൂക്കൽ ചിതറി തെറിചു. ചെമപ്പിനു ഇത്ര ചുവപ്പൊ ? എന്റെ പിറകിൽ ഇതിനൊക്കെ ദ്രിക്സാക്ഷി ആയി നിന്ന മകൻ വിതുമ്പി കരയാൻ തുടങ്ങി. ‘നമുക്കു പോവാം , പപ്പാ , ഈ നാട്ടിൽ നിന്നും ...’

ആരൊക്കെയൊ ഗേറ്റ് അടക്കാൻ വിളിച്ചു പറയുന്നു. ചിലർ ചോരയിൽ കുളിക്കുന്ന ആ സഹോദരിക്കു വെള്ളം കൊടുക്കാൻ മിനക്കെടുന്നു. അതിനിടയിലതാ ആ ഓറഞ്ചു തൊപ്പിക്കാരൻ ! കാരുണ്യ സേവനം. എനിക്കു വല്ലാത്ത രോഷം തോന്നി, മറ്റു പലർകും. ഓരാൾ വിലിച്ചു ചോദിചു ‘നിന്നൊട് പരഞ്ഞതല്ലേടൊ , ചെയ്യല്ലാന്ന് ‘. അവൻ മുഖമുയർത്തി അക്രോശിച്ചു ’ഞാനാ ? ഓറല്ലേ വന്ന് എറിഞ്ഞിട്ടു പോയത്‘. എനിക്കു സഹിക്കാനായില്ല, ’നീയല്ലേ ആദ്യം എറിഞ്ഞത് ? ആ ചോര നീ തന്നെ കുടിക്ക്‘ . ഇത്തരം സംഭവങ്ങളിൽ എങ്ങിനെ പ്രതി കരിക്കണം എന്ന പരിചയമില്ലായ്മ. കരയുന്ന മകൻ പിടി വിടുന്നില്ല. അവനേയും കൂട്ടി പള്ളി കോണിൽ പൊയിരുന്ന് ആശ്വസിപ്പിക്കാൻ തുടങ്ങി. മനസ്സ് വല്ലതെ അശാന്തം. ആരോ ചോരയൊലിക്കുന്ന ആ സഹോദരിയെ പോലീസ് ജീപ്പിലെത്തിച്ചു. അവരുടെ തലക്കു വന്നിടിച്ച കല്ലിന്റെ ശബ്ദവും ചിതറി തെറിച്ച ചോരയും വീണ്ടും വീണ്ടും മനസ്സിലേക്കു കയറി വരുന്നു.
ഖുത്തുബയും നമസ്കാരവും കഴിഞ്ഞു. പള്ളി കോംബൌണ്ടിൽ നടന്ന പ്രശ്നങ്ങൾ ഖത്തീബ് അറിഞ്ഞിരുന്നില്ല. ഏന്നത്തെയും പൊലെ സങ്ൻഘർഷാവസരങ്ങലിൽ വിശ്വാസികൾ കാട്ടേണ്ട ആത്മ സംയമനത്തെ കുറിചും , ഭീഷ്മ സാഹ്നി യുടെ തമസ്സിൽ പള്ളിക്കു മുൻപിൽ പന്നിയുടെ ജഢവും അമ്പലത്തിനു മുന്നിൽ പശുവിന്റെ ജഢവും കൊണ്ടിട്ട് കലാപമുണ്ടാക്കി നേട്ടമുണ്ടാക്കുന്നവരെക്കുറിച്ച് ഓർമപ്പെടുത്തി ! ഞാൻ പിറകിലേക്കു നോക്കി, ആ ഓറഞ്ചു തൊപ്പിക്കാരനെ

നമസ്കാര ശേഷം ഞാൻ ഖത്തീബിനെ കണ്ട് ഞാൻ നേരിൽ കണ്ട സംഭവങ്ങൽ ഉണർത്തി. ആ ചെറുപ്പക്കാരന്റെ വിവേക രാഹിത്യം എടുത്തു പറഞ്ഞു. ഞാൻ ഈ കുറിപ്പെഴുതുന്നതും ഇരു സമുദായത്തിലുമുള്ള അത്തരം ചെറുപ്പക്കാരെ ഉദ്ദേശിച്ചു തന്നെ.

പള്ളി കോംബൌണ്ടിനുള്ളിൽ നിന്നും കല്ലു പുറത്തേക്കു പോയി എന്ന എന്റെ സാക്ഷ്യം ചിലരെ ചൊടിപ്പിച്ചു. എന്റെ കണ്ണുകൽ എന്നെ വഞ്ചിച്ചിട്ടില്ല. ഒന്നു രണ്ടാളുകൾ എനിക്കൊപ്പം നിന്നു. എന്നാൽ ഇനിയതു പുറത്തു പറയണ്ട എന്നായി ഉപദേശം. കണ്ടതു ഞൻ പറയുക തന്നെ ചെയ്യും എന്നു പരഞ്ഞപ്പൊൾ ചിലരുടെ മുഖം മാറിവരുന്നു. മോർഫിങ്ങിലൊക്കെ കാണും പോലെ നേരത്തെ പള്ളിക്കു കല്ലെറിഞ്ഞവരുടെ മുഖത്തെ പൈശാചികത എത്ര എളുപ്പം പറിചു നടപ്പെടുന്നു ! സംഗതി വളരെ ലളിതമാണ്‌.

വർഗീയത , സാമുദായികത ഇതൊക്കെ സമകാലീന കേരളത്തിൽ ഒരു നഗ്ന യാഥാർത്യമാണ്‌. ഓരോരുത്തരിലും ഏറ്റകുറിച്ചലുകലോടെ പ്രവർത്തിക്കുന്നത്. സ്വസമുദായക്കരൻ അക്രമം കാട്ടിയാൽ, അല്ലെങ്കിൽ കട്ടാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ മൌനം പാലിക്കുക എന്നതു തന്നെ ശരാശരി മനസ്സ് . തീവ്രവാദത്തിനെതിരെ പരസ്യ പ്രസ്താവന നടതുമ്പൊളും നമ്മൾ ആത്മ വഞ്ചന നടത്തികൊണ്ടേ ഇരിക്കുന്നു. സ്വ സമുദായക്കാരൻ അക്രമം കാട്ടുമ്പൊൾ അവന്റെ കൈക്ക് പിടിച്ചില്ല എങ്കിൽ അതു തന്നെ സാമുദായികത എന്നു മുഹമ്മദ് നബി എന്നേ നിർവചിച്ചിരിക്കുന്നു. ഇത്തരം ചെറുപ്പക്കാരെ ഓരോ സമുദായവും നിലക്ക് നിർത്തട്ടെ. ഏറ്റവും കുറഞ്ഞത് അവരെ പരോക്ഷമായെങ്കിലും സഹായിക്കാതിരിക്കണം.

അന്യന്റെ വർഗീയതയെക്കുറിച്ചു സംസാരിക്കാൻ നമുക്കു നൂറു നാക്കു തന്നെ. നാറ്റം അറിയാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരോ വായ്നാറ്റക്കാരനും സ്വന്തം വായ അടചു പിടിക്കുക്ക എന്നതു തന്നെ. അന്യെന്റെ വായ അടപ്പിക്കാനുള്ള ശ്രമത്തിന്റെ ചെറിയ ഒരു പരിശ്രമം പോലും സ്വന്തം വായ അടക്കാൻ വേണ്ടിവരില്ല. തീർച്ച.

ഇവിടെ അണി ചേരേണ്ടത് നമ്മെ പ്പോലെ സാധാരണക്കരാണ്‌. നമ്മുടെ മൌനത്തിലാണു സ്വന്തം സമുദായത്തിലെ വർഗീയത പടർനു പന്തലിക്കുന്നത്. ആരെയാണു നാം ഒളിപ്പിക്കുന്നത്. ഞാൻ അൾകൂട്ടത്തിലൊക്കെ തിരഞ്ഞു. ആ ഓറഞ്ചു തൊപ്പിക്കാരനെ. ഒന്നു കാണാൻ. അവന്റെ ന്യായീകരണം കേൾക്കാൻ. ഇനി ഇസ്ലാമിന്റെ അന്തസ്സ് ഉയർത്താനുള്ള ജിഹാദായിരുന്നു അവന്റെ ലക്ഷ്യമെങ്കിൽ പുറത്തുപോയി ധീരമായി പട വെട്ടാമായിരുന്നില്ലേ ? പള്ളി കോംബൌണ്ടിനുള്ളിൽ ഒളിച്ചിരുന്നു അലക്ഷ്യമായി വീശി എറിയുന്ന കല്ല് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങലെകുറിച്ചറിയാത്ത ഒരു മന്ദ ബുദ്ധിയോ ? എങ്ങിൽ ആ ബുദ്ധി ഉപദേശിക്കൻ ഏറ്റവും യോഗ്യ്രർ സ്വന്തം സമുദായം തന്നെ. ഒരു വേള തീ ആളിക്കത്തിക്കാനുള്ള ദുഷ്ട ബുദ്ധിയുമാവാം

ഗേറ്റിനു പുറത്തു നിന്നും ക്രൌര്യത്തോടെ കല്ലെറിഞ്ഞ ആ മുഖവും ഞാൻ ഓർത്തു. മുത്തലികുമാർ എമ്പാടും വിളയുമ്പോൾ ഈ കാലഘട്ടത്തിൽ അത്തരം മുഖങ്ങൾ വർധിക്കുക തന്നെ ചെയ്യും. ഹൈന്ദവ സമൂഹവും സർഗാത്മകമായി സ്വയം വിമർശനം നടത്തുമെന്നു പ്രത്യാശിക്കുകയാണ്‌.

ഒടുക്കം

പള്ളിക്കു കല്ലെറിഞ്ഞ ആഹ്ലാദത്തിൽ, ഹൈന്ദവതയുടെ അഭിമാനം ഉയർത്തി എന്ന തോന്നലോടെ വീട്ടിലെത്തിയ നമ്മുടെ ഏറു കാരൻ കണ്ടത് , നെറ്റിയിൽ ഒരു പാട് സ്റ്റിച്ചുകളോടെ കിടക്കുന്ന സ്വസഹോദരിയെ അണെങ്കിലൊ?

2 comments:

  1. വായിച്ചു
    മാറ്റപ്പെടാന്‍ ഞാനും കൂടെ

    ReplyDelete
  2. why don't u send this to the local newspapers like Utharadesham in ksrgd? Let the people read this and think about it

    ReplyDelete