Thursday, March 31, 2011

നീ വായിക്കാന്‍

സുന്ദരമായ ഒരു സെന്‍ കഥ

പുരാതനമായ ആ പൊട്ടക്കിണറിലെ തണുത്തജലത്തില്‍ വീണ അയാള്‍ വെള്ളത്തിന്റെ അടിത്തട്ടിലേക്കാണ്ടുപോയി. ഒരു ചീങ്കണ്ണി അയാളെ പിടിക്കാന്‍ വായ തുറന്നുകൊണ്ട് പൊന്തിവന്നു. ഭയന്ന അയാള്‍ എങ്ങനെയോ ജലത്തിന്റെ ഉപരിതലത്തിലേക്ക് പൊന്തിവന്നു. മുകളിലേക്ക് നോക്കിയപ്പോള്‍ അയാളെ പിടിച്ചുതിന്നാന്‍ വിശന്ന പുലി അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. ഒരു ക്ഷണനേരം കൊണ്ടയാള്‍ ചീങ്കണ്ണിക്ക് പിടികൊടുക്കാതിരിക്കാനായി, കിണറിന്റെ ചുറ്റുമതിലിലെ കല്ലുകളില്‍ ഏതിലെങ്കിലും ഒന്നു പിടിച്ചുനില്ക്കാനാവുമോ എന്ന് ആലോചിച്ചു. കിണറിന്റെ ചുറ്റുമുള്ള മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ പത്തിവിടര്‍ത്തിനോക്കുന്നു.

വെള്ളത്തിനടിയില്‍ ചീങ്കണ്ണി, കരയില്‍ പുലി, കിണറിനകത്ത് ചുറ്റുമതിലില്‍ പാമ്പുകളും.
അയാള്‍ ഉടന്‍ തൊട്ടുമുന്നില്‍ ഞാന്നുകിടന്ന മരച്ചില്ലയില്‍ പിടിച്ചു പൊന്തുകയും ദീര്‍ഘശ്വാസമയച്ച് കിണറിനടിയിലേക്ക് എത്തിനോക്കുന്ന സൂര്യകിരണങ്ങളെ ആനന്ദത്തോടെ നോക്കിക്കൊണ്ട്, 'ഹാ, ജീവിതം എത്ര മനോഹരമായിരുന്നു!' എന്ന് ആദ്യമായി തിരിച്ചറിയുകയും ഓര്‍ക്കുകയും ചെയ്തു.

പിടിച്ചുനിന്ന മരക്കൊമ്പില്‍ തൂങ്ങിനിന്നുകൊണ്ട് അയാള്‍ തലയുയര്‍ത്തിയപ്പോള്‍ അദ്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു തേനീച്ചക്കൂടില്‍നിന്ന് തേന്‍തുള്ളികള്‍ ഇറ്റുവീഴുന്നു. അയാള്‍ തല ഒന്നുകൂടി നേരെയാക്കി നാവുനീട്ടി ആ തേന്‍കണങ്ങള്‍ നുകര്‍ന്നു. അതിനിടയ്ക്ക് അദ്ദേഹം പിടിച്ചുരക്ഷപെട്ട ആ ജീവവൃക്ഷത്തിന്റെ അടിവേരില്‍ കറുത്തതും വെളുത്തതുമായ രണ്ടെലികള്‍, രാവും പകലും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം കാണുകയുണ്ടായില്ല.

മരണം തൊട്ടുമുന്നിലുള്ളപ്പോഴും അദ്ദേഹം നാവുനീട്ടുകയും മധുകണങ്ങളുടെ മാധുരി നുണഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതത്രേ മനുഷ്യന്‍!

No comments:

Post a Comment